
കോട്ടയം: പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ ഞായറാഴ്ച നടത്താനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ വിവിധ പ്രളയബാധിത പ്രദേശങ്ങളിൽ സേവനത്തിലുള്ള അധ്യാപകരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ചിരിക്കുകയാണ്. ഇതിൽ പലരും സെൻസസ് ചുമതല കൂടി നിർവ്വഹിച്ചവരുമാണ്.
അതേസമയം, കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്. ചില ഇടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള വഴികളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
കൂടാതെ, പ്രളയബാധിത പ്രദേശങ്ങളിലെ പരീക്ഷാർഥികൾക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രളയദുരിതവും അതുമായി ബന്ധപ്പെട്ട മാനസിക സംഘർഷവും മൂലം നിരവധി അപേക്ഷകർ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ അസാധാരണ സാഹചര്യങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ച് കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കുണമെന്ന് ബിജു ഉമ്മൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Photo Courtesy - Google











